Sunday, September 15, 2013

കൃതി ബുക്സ് - കഥാഗ്രൂപ്പ് "കൃതി കഥാമത്സരം" - മത്സരഫലം





കൃതി കഥാമത്സരം സുപ്രധാനമായ ഫലപ്രഖ്യാപന സ്റ്റേജിലേക്ക് എത്തിയിരിക്കുകയാൺ. ആകെ 83 കഥകൾ ലഭിച്ചതിൽ നിന്നും നേന സിദ്ദിഖ് സ്വയം പിന്മാറുകയും മറ്റു രണ്ട് മത്സരങ്ങളിൽ സമ്മാനാർഹമായവയെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് രണ്ട് കഥകൾ സംഘാടക സമിതി തള്ളിക്കളയുകയും ചെയ്തിരിന്നു. ശേഷമുള്ള 80 കഥകൾ സംഘാടക സമിതി തിരഞ്ഞെടുത്ത സ്ക്രീനിംഗ് കമ്മറ്റി അംഗങ്ങൾ അതിസൂക്ഷ്മമായി വിലയിരുത്തുകയും ആ കഥകൾക്ക് ഓരോ കമ്മറ്റി അംഗങ്ങളും മാർക്കുകൾ രേഖപ്പെടുത്തി സംഘാടക സമിതിക്ക് നൽകുകയും ചെയ്യുകയുണ്ടായി. ആ മാർക്കുകൾ ടാബുലേറ്റ് ചെയ്തതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 15 കഥകൾ ഫൈനൽ ജഡ്ജ്മെന്റിനായി ജഡ്ജസിനെ ഏൽപ്പിക്കുകയും അവർ 15 കഥകളെയും വിലയിരുത്തുകയും ചർച്ച ചെയ്യുകയും കഥകൾക്ക് മാർക്ക് നൽകുകയും ഓവറോൾ അഭിപ്രായം നൽകുകയും ചെയ്തു. ജഡ്ജസ് നൽകിയ മാർക്കുകൾ ടാബുലേറ്റ് ചെയ്ത് അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ മൂന്ന് പേരെ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനക്കാരായി പ്രഖ്യാപിക്കുകയാണ്.

കൃതി കഥാമത്സരം - മത്സരഫലം
ഒന്നാം സ്ഥാനം : തലമറാട്ടം - നിഥീഷ് ജി (5001 രൂപ, സർട്ടിഫിക്കറ്റ്, മൊമന്റോ)
രണ്ടാം സ്ഥാനം : മുയൽച്ചെവിയൻ കുഞ്ഞുങ്ങളുടെ അമ്മ - ഹർഷ മോഹൻ (3001 രൂപ, സർട്ടിഫിക്കറ്റ് , മൊമന്റൊ)
മൂന്നാം സ്ഥാനം : ബേബീസ് അൺലിമിറ്റഡ് - സോണി (2001 രൂപ , സർട്ടിഫിക്കറ്റ്, മൊമന്റോ)


മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അതിനേക്കാളുപരി അവസാന 15ൽ എത്തിയവർക്ക് ... ഒപ്പം സമ്മാനാർഹരായ നിഥീഷ്, ഹർഷ,, സോണി എന്നിവർക്ക് കൃതി ബുക്സിന്റെയും കഥഗ്രൂപ്പിന്റെയും ഹാർദ്ദമായ അഭിനന്ദനങ്ങൾ...

അവസാന 15ൽ എത്തിയ കഥകളെ പറ്റി ജഡ്ജിങ് പാനലിന്റെ അഭിപ്രായം താഴെ കൊടുക്കുന്നു..ജഡ്ജിങ് പാനലിൽ ചീഫ് ജഡ്ജായി ശ്രീ. എം.കെ.ഹരികുമാർ, മറ്റു രണ്ട് ജഡ്ജ്മാരായി ശ്രീമതി. ബീജ .വി.സി, ശ്രീ രവിവർമ്മ തമ്പുരാൻ എന്നിവർ കഥകളെ വിലയിരുത്തി ഇങ്ങിനെ അഭിപ്രായപ്പെട്ടു.

ഈ പതിനഞ്ച് കഥകളും വായിച്ചപ്പോ ശരിക്കും നല്ല സന്തോഷം തോന്നി. കാരണം ഈ കഥകലെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ സാമൂഹ്യപരിഛേദങ്ങളാണ്. വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ സംഘര്‍ഷങ്ങളിലൂടെ ആധുനികജീവിതം അഭിമുഖീകരിക്കുന്ന പല സമസ്യകളും ഈ കഥകള്‍ മിഴിവോടെ വരച്ചിടുന്നു. പല കഥകളും പ്രമേയം, ഭാഷ, ഘടന എന്നീ തലങ്ങളില്‍ നല്ല പുതുമ കാഴ്ച വെയ്ക്കുമ്പോള്‍ ചില കഥകള്‍ കേട്ട് പഴകിയ പ്രമേയത്തില്‍ നിന്ന് കൊണ്ട് കൈയ്യടക്കത്തോടെ പറഞ്ഞ് മുന്നോട്ട് പോകുന്നു. വായനാജീവിതം, ബൊമ്മക്കൊലു, പതിര് , ഗ്രേയ്റ്റ് ഡേയ്ന്‍, ഓരോരോ തിരിച്ചറിവുകള്‍ , വേഷപ്പകര്‍ച്ചകള്‍ എന്നിവയുടെ പ്രമേയത്തിൽ പുതുമ അവകാശപ്പെടാനില്ല. അതേസമയം, സാളഗ്രാമം, തലമാറാട്ടം, ബേബീസ് അണ്‍ലിമിറ്റെഡ് , കുംഭാരന്റെ മകള്‍ എന്നിവ ഉള്ളടക്കത്തിലും ഭാഷയിലും കഥ പറച്ചിലിലും എല്ലാം മികച്ച് തന്നെ നില്‍ക്കുന്നു. സജീവവും തനതായതുമായ ഭാഷയുണ്ട് ഇവയ്ക്കൊക്കെ.

പുതിയ ഒരു കഥാസങ്കേതം സൃഷ്ടിക്കുവാനുള്ള ശ്രമം തലമറാട്ടം എന്ന കഥയിൽ കണ്ടു. യാഥാർത്ഥ്യത്തെ അവിശ്വസിക്കുകയും പുതിയതൊന്നിനു വേണ്ടി അലയുകയും ചെയ്യുമ്പോഴാണ് നല്ല കഥകൾ ഉണ്ടാവുന്നത്... അതുകൊണ്ട് തന്നെ ഈ കഥ മത്സരത്തിൽ സമർപ്പിച്ച മറ്റു കഥകളിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്നു.

മുയൽചെവിയൻ കുഞ്ഞുങ്ങളുടെ അമ്മയിൽ വികാരജീവിതമുള്ള ഒരു സ്ത്രീയെ കാട്ടിത്തരുന്നു. വ്യവസ്ഥാപിത സ്ത്രീ സങ്കല്പത്തിൽ നിന്നും തന്റേതായ കാരണം പറഞ്ഞ് അവൾ വഴുതി മാറുകയും അതിനു ഒരു കാരണം കണ്ടെത്തുകയും ചെയ്യുന്നു.. എങ്കിൽ പോലും കഥയുടെ ആദ്യ ഭാഗത്ത് ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ, യഥാര്‍ഥ ജീവിതവും മാനസികവ്യാപാരങ്ങളും തമ്മില്‍ വല്ലാത്തൊരു സമ്മേളനം കഥയില്‍ നടക്കുന്നു. അത് തന്മയത്തോടെ കഥാകൃത്ത് അവതരിപ്പിച്ചിട്ടൂണ്ട്. ആ അവതരണമികവ് കഥയെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ പങ്കുവഹിച്ചു.

ബേബീസ് അൺലിമിറ്റഡ് എന്ന കഥയിൽ വ്യത്യസ്തമായ ഒരു പ്രമേയം ചർച്ച ചെയ്യുന്നു. കഥ ഉള്ളടക്കം , കഥന രീതി എന്നിവയിൽ മികവ് പുലർത്തി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ..

ഇതോടൊപ്പം മത്സരത്തിൽ പങ്കെടുത്ത മറ്റു കഥകളെ പറ്റി സ്ക്രീനിംഗ് കമ്മറ്റി നൽകിയ അഭിപ്രായവും ചേർക്കുന്നു..മത്സരത്തിനു ലഭിച്ച 80 കഥകളിൽ നിന്നും ഏതാണ്ട് 50 ഓളം കഥകൾ ആവറേജ് നിലവാരത്തിലും താഴെയായിരുന്നു എന്നത് ഖേദകരമാണ്. കഥകൾക്ക് ആവറേജ് മാർക്കായി നിശ്ചയിച്ചിരുന്ന 5 മാർക്ക് നേടുവാൻ പോലും 40ഓളം കഥകൾക്ക് സാധിക്കാതിരുന്നത് ഇത് തുറന്ന് കാട്ടുന്നു.. കഥകൾ എഴുതുവാനുള്ള ശേഷിക്കുറവല്ല, മറിച്ച് അപ്രോച്ചിലുള്ള നിസ്സാരവത്കരണം ആണ് വേദനിപ്പിക്കുന്നത്. പല കഥാകൃത്തുകളും നല്ല സ്റ്റഫുള്ളവർ തന്നെ. പക്ഷേ, ഒരു മത്സരത്തിനാണ് തങ്കൾ ഈ രചന സമർപ്പിക്കുന്നത് എന്ന ചിന്ത അവർക്കില്ലാതാവുന്നു.. അല്ലെങ്കിൽ മത്സരത്തോട് അലസമനോഭാവം പുലർത്തുന്നു.. ഇത്തരത്തിലുള്ള അലസ മനോഭാവം വരുംഭാവിയിൽ നല്ല മത്സരങ്ങൾ നടത്തുവാനുള്ള ഏതൊരു സംഘാടകന്റെയും മനസ്സിൽ ഒരു വട്ടം കൂടി അത്തരം ഒന്ന് വേണമോ എന്ന ചിന്തയുണ്ടാക്കുന്നു എങ്കിൽ അത്ഭുതപ്പെടേണ്ടതില്ല.. ഈ പറയുന്നത് മുഴുവൻ കഥകളുടെയും കാര്യമല്ല, പക്ഷേ ഏതാണ്ട് 60% കഥകളിലും ഈ ഒരു അലസമനോഭാവം കാണാൻ കഴിയുന്നു.. ബാക്കിയുള്ള 40% കഥകൾ നിലവാരം കൊണ്ടോ ഭാഷകൊണ്ടൊ കൈയടക്കം കൊണ്ടൊ വ്യത്യസ്തത പുലർത്തുന്നു.. ഒരു കഥക്ക് പേരിടുന്നതിൽ പോലും ഉണ്ട് കഥയുടെ അന്തഃസത്ത എന്ന് കഥാകൃത്തുക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഒരു ചെറിയ ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം.. മോന്തപുത്തകം എന്ന പേരിൽ ഒരു കഥ മത്സരത്തിൽ സമർപ്പിക്കപ്പെട്ടിരുന്നു. കഥയുടെ പ്രമേയവും ക്രാഫ്റ്റും എല്ലാം ശരാശരിക്ക് മുകളിലുമായിരുന്നു. പക്ഷേ, കഥക്ക് നൽകിയ ആ പേരിലൂടെ കഥാകൃത്ത് കഥയോട് അനീതി കാട്ടിയതായി തോന്നി. ഇത് ഒരു ഉദാഹരണം എന്ന നിലയിൽ ചൂണ്ടിക്കാട്ടിയെന്ന് മാത്രം. അതുപോലെ മത്സരങ്ങളിലേക്കാണ് നമ്മൾ രചനകൾ സമർപ്പിക്കുന്നത് എന്നും അതല്ലാതെ നമ്മുടെ ബ്ലോഗിലോ / ഫെയ്സ്ബുക്ക് പേജിലോ ലൈക്കിനും കമന്റിനുമായിട്ടുള്ള കേവല വ്യായാമമല്ല അത് എന്നും ചിന്തിക്കേണ്ട സമയവും ആയി. ചില കഥകൾ (കാര്യവട്ടം കോളേജിലെ...) അത്തരത്തിൽ ചൂണ്ടിക്കാട്ടാവുന്നതാണ്. എങ്കിൽ പോലും മത്സരത്തെ നല്ല അർത്ഥത്തിലും ബഹുമാനത്തിലും നോക്കി ക്കാണുന്ന ഒരു കൂട്ടം എഴുത്തുകാർ ഇന്നുമുണ്ടെന്നത് സ്ക്രീനിംഗ് കമ്മറ്റിയെ സന്തോഷിപ്പിക്കുന്നു.. അവർ തെളിക്കുന്ന പാതകൾ കെടാതിരിക്കട്ടെ.. കഥകൾ ഒരിക്കലും മരിക്കില്ല എന്ന തിരിച്ചറിവ് ചില കഥകൾ എങ്കിലും നമുക്ക് നൽകുന്നു എന്ന സന്തോഷത്തോടെ ഈ മത്സരത്തിനും മത്സരത്തിൽ പങ്കെടുക്കുന്നവർക്കും മത്സര സംഘാടകർക്കും എല്ലാ ആശംസകളും നേരുന്നു...


ഈ കഥകൾ കഥാഗ്രൂപ്പിനകത്തും കൃതി ബുക്സിന്റെ പുസ്തകത്തിലും ആണ് ആദ്യം പ്രസിദ്ധീകരിക്കുക.. ദയവ് ചെയ്ത് കഥാകൃത്തുക്കൾ പുസ്തകം പബ്ലിഷ് ആവും വരെ സഹകരിക്കുക...

മത്സരത്തിനായി ബാനറുകളും മറ്റും ഡിസൈൻ ചെയ്ത് നൽകിയ അജയിനും ഈ മത്സരത്തെക്കുറിച്ചുള്ള വാർത്തകൾ സ്വന്തം പോർട്ടലുകളിലൂടെ പബ്ലിഷ് ചെയ്ത് കൂടുതൽ പേരിലേക്ക് മത്സരത്തെ എത്തിക്കുവാൻ സഹകരിച്ച നമ്മുടെ ബൂലോകം , ഇ വായന എന്നീ പോർട്ടലുകൾക്കും മലയാളം ബ്ലോഗേർസിന്റെ മറ്റു ഗ്രൂപ്പുകൾക്കും നിറഞ്ഞ മനസ്സോടെ ഈ മത്സരത്തിന്റെ സ്ക്രീനിംഗുമായി സഹകരിച്ച സ്ക്രീനിംഗ് കമ്മറ്റിയിലെ സുഹൃത്തുക്കൾക്കും അതിനേക്കാളേറെ തിരക്കുകളുടെ ഈ ഓണക്കാലത്തിനിടയിലും കൃത്യസമയത്തിനുള്ളിൽ മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തുവാൻ ഞങ്ങൾക്ക് സാധിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച നമ്മുടെ ബഹുമാന്യരായ ജഡ്ജിംഗ് പാനൽ അംഗങ്ങൾക്കും കൃതി ബുക്സിന്റെയും കഥാഗ്രൂപ്പിന്റെയും നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ... ഒരിക്കൽ കൂടെ ഏവർക്കും നല്ല ഒരു ഓണക്കാലം ആശംസിച്ചുകൊണ്ട്..

കൃതി കഥാമത്സരം മത്സരകമ്മിറ്റി

വാർത്ത : നമ്മുടെ ബൂലോകം